കുട്ടനാട് പാക്കേജ് ; 1,292 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം |
തിരുവനന്തപുരം: കുട്ടനാട് പാക്കേജിനായി സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിച്ച 3,406 കോടി രൂപയുടെ പാക്കേജില്‍ 1,292 കോടിയുടെ പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അംഗീകാരം ലഭിച്ച വിവരം നിയമസഭയെ അറിയിച്ചത്. ഇതു സംബന്ധിച്ച ജി സുധാകരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാക്കേജിനുവേണ്ടി തയാറാക്കിയ 50 പ്രവൃത്തികളില്‍ 47 എണ്ണത്തിന്റെ വിശദവിവര റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴ- ചങ്ങനാശേരി കനാലിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങും. ആലപ്പുഴയ്ക്കു പുറമേ ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം കനാലുകളുടെ നവീകരണംകൂടി പാക്കേജില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണനയിലാണ്. പാക്കേജിനെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് പ്രോസ്പിരിറ്റി കൗണ്‍സിലിന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കും. ഈ മാസം 27 നാണ് പ്രോസ്പിരിറ്റി കൗണ്‍സില്‍ യോഗം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതിപക്ഷത്തിന്റെ അസൗകര്യം കണക്കിലെടുത്ത് യോഗം മാറ്റിവയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാക്കേജ് നടത്തിപ്പിന്റെ മേല്‍നോട്ടം എം എസ് സ്വാമിനാഥന്‍ വഹിക്കണമെന്ന ആവശ്യവും ഫണ്ട് ചെലവിടല്‍ നിരീക്ഷിക്കുന്നതിന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പ്രത്യേക വിജിലന്‍സ് വിഭാഗം രൂപീകരിക്കണമെന്ന നിര്‍ദേശവും പ്രോസ്പിരിറ്റി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഈ യോഗത്തിനുശേഷം എം എസ് സ്വാമിനാഥനുമായി തുടര്‍ന്നുള്ള കാര്യങ്ങളുടെ ചര്‍ച്ച നടത്താനും ഉദ്ദേശിക്കുന്നു. എം.എല്‍.മാരെയും, എം.പിമാരെയും യോഗത്തിലേക്കു ക്ഷണിക്കും. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും പരിഗണനയ്‌ക്കെടുത്ത് കുറ്റമറ്റ രീതിയില്‍ പാക്കേജ് നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാടിനുശേഷം തൃശൂര്‍, പൊന്നാനി കോള്‍ മേഖലയ്ക്ക് പ്രധാന്യം നല്‍കിയുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. |
No comments:
Post a Comment