ആദര്‍ശ പൊയ്മുഖം അഴിഞ്ഞുവീഴുന്നു
ദാസന്‍ പെരുമ്പടന്ന.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മകന്‍ അരുണ്‍കുമാറിന്റെ ഔദ്യോഗിക ഉയര്‍ച്ചയ്ക്കുവേണ്ടി വഴിവിട്ടു സഹായിച്ചു എന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. ഇത് വി.എസ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്കും അദ്ദേഹത്തിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകള്‍ക്കും തീരെ ചേരുന്നതല്ല.
നേരത്തെ ലോട്ടറി വിവാദത്തില്‍ ഇടപെട്ട് അച്യുതാനന്ദന്‍ യുദ്ധം നടത്തുമ്പോള്‍ അരുണ്‍കുമാറിന്റെ ഭാര്യയ്ക്ക് പങ്കാളിത്തമുള്ള ഒറ്റനമ്പര്‍ ലോട്ടറി കേരളത്തില്‍ ചൂതാട്ടം നടത്തുകയായിരുന്നു. ആ വിവരം പുറത്തായപ്പോള്‍ പൊടുന്നനെ അവര്‍ അതില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്നു. അതുപോലെ നാടായ നാട്ടിലെല്ലാം ഭൂമി കയ്യേറ്റത്തിനെതിരെ പ്രസംഗിച്ച് ജനങ്ങളെ ആവേശം കൊള്ളിച്ചുകൊണ്ടിരിക്കുമ്പോഴാണ് വി.എസ് രഹസ്യമായി തന്റെ ബന്ധുവിന് കാസര്‍കോട്ട് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാന്‍ നിയമങ്ങള്‍ പോലും മറികടന്നത്. പുത്രവാല്‍സല്യം ആര്‍ക്കും കുറ്റപ്പെടുത്താനാകാത്ത ഒരു ഗുണവിശേഷമാണ്. പക്ഷേ മക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പൊതുതാല്‍പര്യം തകര്‍ത്തും നിയമസംവിധാനത്തെ വെല്ലുവിളിച്ചും അവിഹിതമായി അധികാര പദവികള്‍ ഒപ്പിച്ചുകൊടുക്കുന്നത് വലിയ തിന്മയാണ്. മുഖ്യമന്ത്രിയായിരിക്കെ വി.എസ് കൈകാര്യം ചെയ്ത ഏക വകുപ്പ് ഐ.ടിയായിരുന്നു. ആ വകുപ്പിന്റെ കീഴില്‍ തന്റെ മകന് ഡയറക്ടര്‍ സ്ഥാനം അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തില്‍ അദ്ദേഹം പങ്കാളിയായി. അതും ആ സ്ഥാപനം നിലവില്‍ വരുന്നതിന് മുമ്പുതന്നെ അരുണ്‍കുമാറിന്റെ നിയമനം നടന്നു എന്നത് ആരെയും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. വി.എസിന്റെ രാഷ്ട്രീയ ശത്രുക്കളെ മാത്രമല്ല, സി.പി.എമ്മിലുള്ളവരെപ്പോലും ഈ സംഭവം അല്‍ഭുതപ്പെടുത്താതിരിക്കില്ല. കേരളത്തില്‍ അഴിമതിയ്‌ക്കെതിരെ വീറോടെ പൊരുതുന്ന ഒരാള്‍ സ്വന്തം കാര്യത്തില്‍ കാലിടറി വീണ അനുഭവമാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്. പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും മക്കള്‍ വേണ്ടെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ചിലരെങ്കിലും ആലോചിക്കുന്നുണ്ടാകും. വൈകി വിവാഹിതനായ വി.എസ് എണ്‍പത്തിയേഴാം വയസ്സില്‍ പുത്രവാത്സല്യം മൂലം അന്ധനായിപ്പോയെങ്കില്‍ കാരാട്ട് ദമ്പതിമാരുടെ തീരുമാനത്തിന്റെ മാറ്റ് സ്വര്‍ണത്തിന്റെ വില പോലെ വര്‍ദ്ധിക്കുന്നു. ദാസന്‍ പെരുമ്പടന്ന.